27 April 2013

കരിങ്കണ്ണന്‍

അയാളെ എല്ലാവരും കരിങ്കണ്ണന്‍ എന്ന് വിളിച്ചു.. അയാളുടെ നാവ്‌ ആരും കണ്ടിരുന്നില്ല, പക്ഷെ എന്നാലും അയാള്‍ക്ക് കരിനാവുണ്ടെന്നു നാട്ടുക്കാര്‍ വിധിയെഴുതി. അയാളുടെ സാന്നിദ്ധ്യം നാട്ടുകാരില്‍ വെറുപ്പുളവാക്കിയിരുന്നു, അയാള്‍ വരുമ്പോള്‍ അമ്മമാര്‍ കുട്ടികളുമായി വീട്ടില്‍ കയറി വാതിലുകലടച്ചു.. പശുകലെയും ആടുകളെയും കോഴികളെയും എന്തിനേറെ പൂച്ചകളെ വരെ അവര്‍ പുറത്തിറക്കിയില്ല.. ഒരു വയസ്സായ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞു "അവന്റെ ദ്രിഷ്ട്ടി പതിഞ്ഞാല്‍, ആ കുലം മുടിഞ്ഞു പോകും"..

ഒരു വേള അയാള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു, അന്തോണിയാപ്ലേടെ നല്ല കറവ ഉണ്ടാര്‍ന്ന പശു, രാധേച്ചിക്ക് പഞ്ചായത്തീന്നു കിട്ടിയ കോഴികള്‍, രാമന്‍ നംബൂരിടെ നെല്ല് വിളഞ്ഞു നിന്നിരുന്ന പാടശേഖരം എല്ലാം തന്‍റെ നാക്കോ, നോട്ടമോ കൊണ്ട് തന്നേയായിരുന്നു നശിച്ചത്.. പക്ഷെ ഇപ്പോഴും മനസ്സില്‍ ദുഃഖം നിറഞ്ഞു വേദനിപ്പിക്കുന്നത് രവിയേട്ടന്റെ കുട്ടീടെ കാര്യം തന്നെയാണ്.. "നല്ല, ഓമനത്തം ഉള്ള കുട്ടി" എന്ന് അറിയാതെ പറഞ്ഞു പോയതിനു ശേഷമാണ്, ജ്വരം വന്നു ആ കുട്ടി മരിച്ചത്..

മനസ്സിലെ നീറ്റല്‍, ഒരു മരവിപ്പായി മാറികൊണ്ടിരുന്നു.. ഇനിയും താന്‍ എത്ര പേരെ കൊല്ലും.. എന്തൊക്കെ നശിപ്പിക്കും.. കണ്ണും, നാക്കും പിഴുത്തെടുതാലും ശാപം പിടിച്ച ഈ ജന്മം മറ്റുള്ളവരെ നശിപ്പിക്കും..
മരവിച്ച മനസ്സുമായി അയാള്‍ സ്വന്തം മുറിയില്‍ കയറി വാതിലടച്ചു!

പിറ്റേന്ന് രാവിലെ ആ കൊച്ചു ഗ്രാമം ഉണര്‍ന്നത്, കരിങ്കണ്ണന്റെ മരണ വാര്‍ത്ത‍യോടെയായിരുന്നു....
പല അടക്കം പറച്ചിലുകളിലും സന്തോഷത്തിന്റെ സ്വരം ഉണ്ടാര്‍ന്നു.

കാലം മുന്നോട്ടു നീങ്ങവേ, ആ ഗ്രാമത്തില്‍ പിന്നെയും പഞ്ചായത്തില്‍ നിന്നും കിട്ടിയ കോഴികള്‍ ചാവുകയും, നെല്‍പാടങ്ങളും നശിക്കപെടുകയും ചെയ്തു..

നാട്ടുക്കാര്‍ ഒരു പുതിയ കരിങ്കണ്ണനു വേണ്ടി അന്വേഷണം തുടങ്ങി.. !!