9 October 2013

സ്റ്റാറ്റസ്‌!

പതിവിലും നേരം വൈകി അയാൾ വീട്ടിലേയ്ക്ക്‌ നടക്കുകയായിരുന്നു. കുറ്റിക്കാടും കഴിഞ്ഞു ശ്മശ്ശാനമെത്തിയപ്പോൾ മനസ്സിൽ ഒരു ശങ്കയും, അതോടൊപ്പം ഒരു നേരിയ വെളിച്ചവും തലയിൽ വിരിഞ്ഞു. അയാൾ തന്റെ ഫ്ലാഷ്‌ ഇല്ലാത്ത മൊബെയിൽ ക്യാമറ പതുക്കെ ഓൺ ചെയ്തു, സാവധാനം നടന്നു. 'എന്തേലും മരുന്നിനു കിട്ട്‌യാലൊ, എഫ്ബി സ്റ്റാറ്റസിനു കൂടെ ഒരു ഫോട്ടൊയും.. പിന്നെ ലൈകിന്റെ ഒരു ഘോഷയാത്ര തന്നെയാകും ' 

പിറ്റേ നാൾ അയാളുടെ എഫ്ബി വാളിൽ കമ്മന്റുകൾക്കൊപ്പം ഹാരങ്ങളും റീത്തുകളും കൊണ്ടു നിറഞ്ഞിരുന്നു. 

ആളുകൾ കുശുകുശുത്തു ' എന്തൊ കണ്ടു പേടിച്ചതാണത്രെ '

30 July 2013

പ്രണയിച്ചു തുടങ്ങട്ടെ, ഞാന്‍ ഒരു വട്ടം കൂടെ!

പകലിന്‍റെ മനോഹാരിത മറഞ്ഞ പോയ, താരങ്ങളും നിലാവും നിറങ്ങളുമില്ലാത്ത ഒരു രാത്രിയില്‍
വെള്ളിടി വെട്ടേറ്റ കാര്‍മേഘങ്ങള്‍ കരഞ്ഞു തുടങ്ങിയിരിക്കുന്നു..
മൂകമായ ഏതോ ശോകവും പേറി എന്നെ പോലെ തന്നെ ആരെയോ തേടുന്ന ആ രാത്രിയില്‍
ഞാന്‍ പകലിലെ ഞാന്‍, പക്ഷെ ഏകനായിരുന്നില്ല.
ഇന്നലെ പെയ്ത മഴയില്‍, മണ്ണിന്റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
പുതുജീവന്‍റെ നാമ്പുകളുമായി, എന്തോ തിരയുന്ന പാറ്റകളും
പകലിന്‍റെ സ്വപ്നവീചികളില്‍, തേന്‍പാത്രങ്ങളില്‍ നിന്നും വഴി തെറ്റി
പാറി അലയുന്ന ഒറ്റപെട്ട വണ്ടിന്‍ മൂളലും, രാത്രിയുടെ സ്വന്തം, നിറമില്ലാത്ത നിശാശലഭങ്ങളും
എന്‍റെ കൂട്ടിനുണ്ടായിരുന്നു...

കാലത്തിന്റെ കുത്തൊഴുക്കിലേക്ക് ഒരു കുഞ്ഞു കുപ്പിയിലാക്കി
അവള്‍ എന്നോ എവിടെയോ വെച്ചെനിക്ക് വേണ്ടി എറിഞ്ഞ
ഒരു തുണ്ടം കടലാസ് കഷണം എന്നോട് പറഞ്ഞു, അവളുടെ സ്നേഹത്തിനെ കുറിച്ച്.. സ്നേഹത്തിന്‍റെ ആഴത്തിനെ കുറിച്ച്..

ചെവിക്കു പിറകിലെ മുടിയിഴകള്‍ക്ക് വരെ വെള്ളിനിറം പടര്‍ന്നു പിടിച്ചിരിക്കുന്നു..
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കാന് കൊതിച്ചു..
കണ്ണുകള്‍ക്ക് കാണണമെങ്കില്‍ കണ്ണട വേണം, മനസ്സെന്നോടതാവശ്യപെട്ടില്ല..

* * * * * * * * * * * * * * * * * * * * * * * * * * * * * *

നിറം മങ്ങാത്തൊരു കൊച്ചു പനിനീര്‍ പൂവുമായി ഞാന്‍ കാത്തുനിന്നു..
മുട്ടുകാലുകളുടെ പരിഭവം, ഹൃദയത്തിനെ വേദനിപ്പിച്ചപ്പോള്‍, ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍, തോറ്റതെന്‍ പ്രണയമായിരുന്നു..
ഞാന്‍ അറിഞ്ഞിരുന്നില്ല, പരസ്പരം പങ്കുവെക്കാതെ.. മുറിവേറ്റ മനസ്സുമായി ഞങ്ങള്‍ തിരിഞ്ഞു നടക്കുകയായിരുന്നെന്നു..

* * * * * * * * * * * * * * * * * * * * * * * * * * * * * *

മഴകളും വേനലുകളും താണ്ടി കാലം ഒരുപാടു മുന്നോട്ടു കുതിച്ചിരിക്കുന്നു...


ഞാന്‍ വീണ്ടും പിറകിലേക്ക് നടന്നു തുടങ്ങുകയാണെന്ന് തോന്നി...

ഒരു വേള
എന്നിലെ ബാല്യം വീണ്ടുമുണര്‍ന്നു... എന്നോട് ചോദിച്ചു
"പ്രണയിച്ചു തുടങ്ങട്ടെ, ഞാന്‍ ഒരു വട്ടം കൂടെ.."


വാക്കുകളിലെ ദൈവം!

മുത്തശ്ശി പറഞ്ഞു തന്നു പഠിപ്പിച്ചു, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പൊരുതുന്ന മനുഷ്യരുടെ കഥ..
അച്ഛന്‍ ഇന്റെര്‍നെറ്റില്‍ നിന്നും ഫോട്ടോകളും വീഡിയോകളും എടുത്തു കാണിച്ചു തന്നു, കുടിവെള്ളത്തിനായി അലയുന്ന എന്നെ പോലെ ഉള്ള കൊച്ചു കുട്ടികളുടെ കഥ

പറയുന്നവ..
അവരുടെ കണ്ണുകളിലെ ആ ദയനീയ ഭാവത്തില്‍, ഞാന്‍ ദൈവ സ്പര്‍ശം കണ്ടു..
അന്ന് രാത്രി ഉറക്കം വന്നില്ല.. മനസ്സ് നിറയെ ആ ചിന്ത ആയിരുന്നു.. ഒരു നേരത്തെ ആഹാരം അതും സമയത്ത് തന്നെ കിട്ടിയില്ലേല്‍, എനിക്ക് ഭ്രാന്ത്‌ പിടിക്കാറുണ്ട്,
എന്നിട്ടും എത്ര തവണ ആഹാരം ഞാന്‍ ബാകി വെച്ച് ഞാന്‍ കളഞ്ഞിട്ടുണ്ട്.. അപ്പൊ അവരുടെ കാര്യം.. ദിവസങ്ങളോളം ഭക്ഷണമില്ലാതെ.. വെള്ളമില്ലാതെ.. ആകെ കൂടെ

മനസ്സ് വല്ലാതായി, കരച്ചിലും വന്നു തുടങ്ങി..
ആ രാത്രിയില്‍ മനസ്സ്, ഞാന്‍ അറിയാതെ മന്ത്രിച്ചു.. ഇനി ഭക്ഷണം ഒരിക്കലും കളയാനിട വരില്ല.. വലുതായാല്‍ പവപെട്ടവരുടെ വിശപ്പടക്കാന്‍'വേണ്ടി ഒരുപാട് ചെയ്യണം..

പിറ്റേന്ന് ഉച്ചക്ക് മുത്തശ്ശി ഉമ്മറത്തിരുന്നു ആരോടോ വഴക്കിടുന്ന ശബ്ദം കേട്ടാണ് ഞാന്‍ പുറത്തേക്കു വന്നത്..
"ഇവിടെ ഒന്നും ഇല്ല" എന്നും പറഞ്ഞു അകത്തേക്ക് തന്റെ മുറുക്കാന്‍ ചെല്ലവുമായി കയറി വരുന്ന മുത്തശ്ശി..
പുറത്തു ഒരു വയസ്സായ ധര്‍മ്മക്കാരന്‍ നിന്ന് പറയുന്നു "അമ്മാ, ഏതാവതും കൊടുന്ഗോ.. പസിക്കറത്..."
ആ കണ്ണുകളിലും, മുത്തശ്ശി കാണാതെ പോയ, ദൈവ സ്പര്‍ശം ഞാന്‍ കണ്ടു..
ആരുടേയും ആജ്ഞക്ക് കാതു കൊടുക്കാതെ ഓടി പോയി അടുക്കളയില്‍ നിന്നും ചോറും കറിയും കൊണ്ട് വന്നു ധര്‍മ്മകാരന്റെ പാത്രത്തിലിട്ടു കൊടുത്തു..
മുത്തശ്ശിയുടെ ദേഷ്യം പിടിച്ചു ഉറക്കയുള്ള ചോദ്യത്തിന് മറുപടി കൊടുക്കാതെ തിരിഞ്ഞ നടക്കുമ്പോള്‍, ശബ്ദം കേട്ട് വന്ന അമ്മയോട് ഞാന്‍ പറഞ്ഞു
"എന്‍റെ ഒരു നേരത്തെ ചോറാണ് ഞാന്‍ അയാള്‍ക്ക് കൊടുത്തത്, എനിക്കിനി രാത്രി മതി ചോറ്"
തിരിച്ചു എന്‍റെ മുറിയില്‍ കയറുന്നതിനു മുന്‍പ് അന്തം വിട്ടു നില്‍കുന്ന മുത്തശ്ശിയോടു ഞാന്‍ ചോദിച്ചു..
"കൊല്ലം കൊറേ ആയില്ലേ, ശ്രീകൃഷ്ണനെ പൂജിക്കുന്നത്, ഇത് വരെ നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ...???"
മറുപടിക്ക് കാത്തു നില്‍ക്കാതെ ഞാന്‍ മുറിയില്‍ കയറി വാതി അടച്ചിട്ടു ഉറക്കനെ വിളിച്ചു പറഞ്ഞു
"എങ്ങനെ കാണാന....!! വെറുതെ കൊറേ ചന്ദന തിരി കത്തിചോണ്ടിരുന്നിട്ട് കാര്യില്ലാ..."



വളരെ അധികം മനസ്സിന് സുഖം തോന്നിയ ദിവസം, ഫാന്‍ ഇട്ടു ബെഡ്ഡില്‍ മലര്‍ന്നു കിടക്കുമ്പോള്‍ തോന്നി
വാക്കുകളില്‍ ദൈവത്തെയും, മനസ്സില്‍ ചെകുത്താനെയും കൊണ്ട് നടക്കുന്ന മത ഭ്രാന്തന്മാരുടെ മറ്റൊരു പതിപ്പ് തന്നെയാണ് എന്‍റെ മുത്തശ്ശീംന്നു!!

കുറവ് മാര്‍ക്സ്‌ തരണേ!

ഫെയര്‍ എന്‍ ലാവലിയുടെ പരസ്യം കണ്ടിട്ടാണെന്ന് തോന്നുന്നു, മുഖത്തെ പാട് മാറ്റാനായിട്ട് ഉണ്ണിക്കുട്ടന്‍ പ്രാര്‍ത്ഥിച്ചത് "ദൈവമേ എനിക്ക് കുറവ് മാര്‍ക്സ്‌ തരണേ.."

പ്രാര്‍ത്ഥന ദൈവം കേട്ടു..

ഒന്‍പതു കൊല്ലത്തെ പഠനതിനുള്ളില്‍ ആദ്യമായി, ഉണ്ണികുട്ടന്‍ കുറവ് മാര്‍ക്കുമായി വീട്ടില്‍ കയറി വന്നിട്ട്,
അച്ഛനോട് പറഞ്ഞു.. "ദൈവം ചതിച്ചച്ചാ, ദൈവം ചതിച്ചു...!!"

27 April 2013

കരിങ്കണ്ണന്‍

അയാളെ എല്ലാവരും കരിങ്കണ്ണന്‍ എന്ന് വിളിച്ചു.. അയാളുടെ നാവ്‌ ആരും കണ്ടിരുന്നില്ല, പക്ഷെ എന്നാലും അയാള്‍ക്ക് കരിനാവുണ്ടെന്നു നാട്ടുക്കാര്‍ വിധിയെഴുതി. അയാളുടെ സാന്നിദ്ധ്യം നാട്ടുകാരില്‍ വെറുപ്പുളവാക്കിയിരുന്നു, അയാള്‍ വരുമ്പോള്‍ അമ്മമാര്‍ കുട്ടികളുമായി വീട്ടില്‍ കയറി വാതിലുകലടച്ചു.. പശുകലെയും ആടുകളെയും കോഴികളെയും എന്തിനേറെ പൂച്ചകളെ വരെ അവര്‍ പുറത്തിറക്കിയില്ല.. ഒരു വയസ്സായ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞു "അവന്റെ ദ്രിഷ്ട്ടി പതിഞ്ഞാല്‍, ആ കുലം മുടിഞ്ഞു പോകും"..

ഒരു വേള അയാള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു, അന്തോണിയാപ്ലേടെ നല്ല കറവ ഉണ്ടാര്‍ന്ന പശു, രാധേച്ചിക്ക് പഞ്ചായത്തീന്നു കിട്ടിയ കോഴികള്‍, രാമന്‍ നംബൂരിടെ നെല്ല് വിളഞ്ഞു നിന്നിരുന്ന പാടശേഖരം എല്ലാം തന്‍റെ നാക്കോ, നോട്ടമോ കൊണ്ട് തന്നേയായിരുന്നു നശിച്ചത്.. പക്ഷെ ഇപ്പോഴും മനസ്സില്‍ ദുഃഖം നിറഞ്ഞു വേദനിപ്പിക്കുന്നത് രവിയേട്ടന്റെ കുട്ടീടെ കാര്യം തന്നെയാണ്.. "നല്ല, ഓമനത്തം ഉള്ള കുട്ടി" എന്ന് അറിയാതെ പറഞ്ഞു പോയതിനു ശേഷമാണ്, ജ്വരം വന്നു ആ കുട്ടി മരിച്ചത്..

മനസ്സിലെ നീറ്റല്‍, ഒരു മരവിപ്പായി മാറികൊണ്ടിരുന്നു.. ഇനിയും താന്‍ എത്ര പേരെ കൊല്ലും.. എന്തൊക്കെ നശിപ്പിക്കും.. കണ്ണും, നാക്കും പിഴുത്തെടുതാലും ശാപം പിടിച്ച ഈ ജന്മം മറ്റുള്ളവരെ നശിപ്പിക്കും..
മരവിച്ച മനസ്സുമായി അയാള്‍ സ്വന്തം മുറിയില്‍ കയറി വാതിലടച്ചു!

പിറ്റേന്ന് രാവിലെ ആ കൊച്ചു ഗ്രാമം ഉണര്‍ന്നത്, കരിങ്കണ്ണന്റെ മരണ വാര്‍ത്ത‍യോടെയായിരുന്നു....
പല അടക്കം പറച്ചിലുകളിലും സന്തോഷത്തിന്റെ സ്വരം ഉണ്ടാര്‍ന്നു.

കാലം മുന്നോട്ടു നീങ്ങവേ, ആ ഗ്രാമത്തില്‍ പിന്നെയും പഞ്ചായത്തില്‍ നിന്നും കിട്ടിയ കോഴികള്‍ ചാവുകയും, നെല്‍പാടങ്ങളും നശിക്കപെടുകയും ചെയ്തു..

നാട്ടുക്കാര്‍ ഒരു പുതിയ കരിങ്കണ്ണനു വേണ്ടി അന്വേഷണം തുടങ്ങി.. !!

3 April 2013

ഒരു കൊച്ചു നിരീശ്വര വാദി

അച്ഛന്‍ കമൂണിസ്റ്റ് ആയിരുന്നത്കൊണ്ട് ദൈവം എന്ന സംഭവത്തില്‍ വിശ്വാസം ഒന്നും ഇല്ലാര്‍ന്നു. എന്ന് വെച്ച് ഞാന്‍ ഒരു യുക്തിവാദി ആയിരുന്നില്ല, അതായത് ദൈവവിശ്വാസമുള്ളവരെ വെല്ലുവിളിക്കാനൊന്നും പോയിരുന്നില്ല. യേശുദേവന്‍ പറഞ്ഞുവെന്നു പറയപ്പെടുന്ന പോലെ, 'അവരെ അവര്‍ടെ വിശ്വാസം രക്ഷിക്കട്ടെ, എന്നെ എന്‍റെയും' എന്ന വഴി ആയിരുന്നു എന്‍റെത്.. പക്ഷെ ആ തെണ്ടികള്‍ എന്നെ വെറുതെ വിട്ടിരുന്നില്ല, കിട്ടിയ ഗ്യാപ്പിലെല്ലാം എനിക്കിട്ടു അവര്‍ ആപ്പ് അടിച്ചു കേറ്റികൊണ്ടിരുന്നു..
അങ്ങിനെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആ കാര്യം ശ്രദ്ധിച്ചത്.. എല്ലാവരും പഠിക്കുന്നതിനേക്കാള്‍, താത്പര്യത്തോടെ അമ്പലത്തില്‍ പോകുന്നു.. പഠിച്ചിട്ട് എന്തായാലും ജയിക്കാന്‍ പോകുന്നില്ല എന്നാ കാര്യം എനിക്കും ഉറപ്പായിരുന്നു പക്ഷെ അത് കരുതി ഇല്ലാത്ത ദൈവത്തിന്റെ മുന്‍പില്‍ മുട്ടുകുത്തി, തലകുത്തി മറയുന്നതിനെക്കാള്‍ നല്ലത് പഠിക്കുന്നത് തന്നെയാണെന്ന എന്‍റെ വിശ്വാസം വിട്ടു കളിക്കാനോന്നും ഞാന്‍ മേനകെട്ടില്ല. പക്ഷെ പഠിച്ചു തുടങ്ങിയപ്പോള്‍, പരീക്ഷ അടുത്തുതുടങ്ങിയപ്പോള്‍, ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചു തുടങ്ങി, അങ്ങിനെയാണേല്‍, ആ മണ്ടന്മാര്‍ പ്രാര്‍ഥിക്കുന്ന പോലെ പ്രാര്‍ത്ഥിച്ചു എന്തേലും നടന്നേനെ.. അങ്ങിനെ പല മണ്ടത്തരങ്ങളും ആലോചിച്ചു, പഠിക്കാതെ ജയിക്കാനുള്ള മറ്റു വഴികളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ഞാനാ അദ്ഭുത കാഴ്ച കാണാനിടയായത്.
ശാസ്ത്രമാണ് എന്‍റെ മതം, ശാസ്ത്രമറിയുന്നവര്‍ എന്‍റെ ആരാധനമൂര്‍ത്തികളും എന്നാ സിദ്ധാന്തവും കെട്ടിപിടിച്ചു, ഞാന്‍ ആരാധിച്ചു നടന്ന എന്‍റെ കെമിസ്ട്രി ടീച്ചറും, ഫിസിക്സ്‌ ടീച്ചറും കൂടി, നല്ല കസവു സാരിയെല്ലാം ഉടുത്തു അണിഞ്ഞൊരുങ്ങി ഇതാ അമ്പലത്തിലേക്ക് കേറിപോകുന്നു.. രണ്ടു പേരും ചെരുപ്പകാരല്ലാത്തത് കൊണ്ട്, പ്രാര്‍ത്ഥിക്കാന്‍ തന്നെയാണ് പോകുന്നതെന്ന് എന്നെനിക്കുറപ്പായി.

"ദൈവമേ ചതിച്ചോ, ഇനി പറഞ്ഞു പിടിച്ചു ദൈവം ശരിക്കുമുണ്ടോ??!!"
-മനസ്സില്‍ ഒരു ചെറിയ ലഡ്ഡു ആന ചവിട്ടി പൊട്ടിച്ച പോലെയായ്..-

ആലോചിച്ചിട്ടു ഒരു എത്തുംപിടുത്തവും കിട്ടാതെ ഞാന്‍ വീട്ടിലേക്കു പതിയെ നടന്നു..

"ഇനി ദൈവം ഉണ്ടെങ്കില്‍ തന്നെ, പത്തു പതിനാറു വര്‍ഷത്തെ ദേഷ്യം കാണുമല്ലോ എന്നോട്, അപ്പൊ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുമോ?!.. പണി പാളുകയാണല്ലോ"
"ഇനി ടീച്ചര്‍മാര്‍ക്ക് തെറ്റ് പറ്റിയതാണോ..?!.. ശാസ്ത്രം തോല്‍ക്കുകയാണല്ലോ..!!.. ഇനി ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ട്, എന്നെ ജയിപ്പിച്ചാല്‍ ഇത്ര നാള്‍ ആരാധിച്ച ശാസ്ത്രത്തെ വിശ്വസിക്കാന്‍ പറ്റാതാവും.. ആകെ പ്രശ്നമായി, എന്ത് ചെയ്യും.."

ഇതെല്ലം ആലോചിച്ചു നടക്കുന്നതിനിടെയാണ്, രവ്യേട്ടന്റെ കട കണ്ടത്..
ഒന്നും നോക്കീല്ല, ചാടികേറി പറഞ്ഞു

"രവ്യീട്ടാ, ഒരു സൈക്കിള്‍ ശുദ്ധ അഗര്‍ബത്തി.."

മൂപ്പര്‍ ഒരു നോട്ടം, പറഞ്ഞ സ്റ്റൈല്‍ പിടിച്ചില്ലന്നു തോന്നി..

അതും മേടിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ആലോചിച്ചു
"പ്രാര്‍ത്ഥിക്കാന്‍ എല്ലാര്ക്കും ഓരോ കാരണങ്ങള്‍.. എന്തായാലും, റിസള്‍ട്ട്‌ വരുന്ന വരെ ശാസ്ത്രത്തെ മറക്കാം.."

9 February 2013

ലൈക്ക്‌

വൃദ്ധ സദനത്തിന്‍റെ പടികളിറങ്ങി അയാള്‍ നടന്നു നീങ്ങുമ്പോള്‍ ആ അമ്മ കരഞ്ഞില്ല. മകന്‍റെ സന്തോഷം തന്നെയായിരുന്നു ആ അമ്മയുടെ ജീവിതം. അയാളുടെ നൊമ്പരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. ഭാര്യയുടെ സാന്നിധ്യം അയാളെ നിര്‍വികാരനാക്കിയിരുന്നു, ആ ദാമ്പത്യജീവിതത്തിലുടന്നീളം.

എവിടെയോ, എന്തോ കത്തിയെരിയാതെ, പുകഞ്ഞു കൊണ്ടിരിക്കുന്ന പോലെ ഒരു അന്തരീക്ഷം വീട്ടില്‍ ആ ഒരു ദിവസം മുഴുവന്‍ സൃഷ്ട്ടിക്കപെട്ടു.

രാത്രിയുടെ ഏകാന്തതയില്‍, കിടപ്പറയിലെത്തിയ അയാള്‍ പതിയെ തന്‍റെ മൊബൈല്‍ ഫേസ്ബുക്ക് അപ്ലികേഷന്‍ തുറന്നു, ഒരു കൊച്ചു കുട്ടിയെ പോലെ പരതി...
എന്നും ഫേസ്ബുക്കില്‍ ആരുടെയെങ്കിലും 'വാളില്‍' കാണാറുള്ള, എന്നാല്‍ അത് പോലെ ശ്രദ്ധിക്കാതെ ഒഴിവാക്കാറുള്ള ഒരു 'പോസ്റ്റി'നു വേണ്ടി..
ഏതോ ഒരു 'പേജി'ല്‍ കണ്ടെത്തിയ ആ
'ഫോട്ടോ'യില്‍ ഒരു പാവം അമ്മയുടെ ചിത്രത്തിന് താഴെ ഇങ്ങനെ എഴുതിയിരുന്നു
"നിങ്ങളുടെ അമ്മയെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍, ഈ ഫോട്ടോ 'ലൈക്‌' ചെയ്യൂ.. 'കമന്‍റ്' ചെയ്യൂ.. 'ഷെയര്‍' ചെയ്യൂ.."
തികഞ്ഞ ആത്മ സംവൃതിയോടെ അയാള്‍ കൊടുത്തു..
ഒരു 'ലൈക്കും', ഒരു 'കമന്‍റും' പിന്നെ സ്വന്തം 'വാളി'ലേക്കൊരു 'ഷെയറും'
അങ്ങിനെ അമ്മയോടുള്ള തന്‍റെ ആഘാധമായ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ, ചാരിധാര്ത്യത്തോടെ അയാള്‍ പതുക്കെ ആ പട്ടുമെത്തയിലേക്കു ചാഞ്ഞു...

26 January 2013

ഭുജങ്ങള്‍ എന്ന ദുസ്വപ്നം!

"മൂലകളില്ലാതെ കറങ്ങിനടക്കുന്ന വൃത്തത്തെ അവര്‍ കളിയാക്കികൊണ്ടേയിരുന്നു. മറ്റെല്ലാവരും ആ ഒരു നിമിഷത്തില്‍ ഒന്നായിത്തീരുകയായിരുന്നു.
ഒന്നാലോചിച്ചപ്പോള്‍ വൃത്തത്തിനും തോന്നിക്കാണണം, ആ ഒറ്റപെടല്‍. പക്ഷെ തന്‍റെ വ്യത്യസ്തതയെ മാത്രം വൃത്തം കണ്ടില്ല. അപകര്‍ഷത ബോധം മാത്രം കളിയാടികൊണ്ടിരുന്ന മനസ്സില്‍ ഒരു ദുസ്വപ്നം പോലെ, ത്രികോണം മുതല്‍ എണ്ണിയലോടുങ്ങാത്ത ഭുജങ്ങലുള്ള രൂപങ്ങളുടെ വേട്ടയാടല്‍ മാത്രമായ നിമിഷങ്ങള്‍.

ഇന്‍സ്ട്രുമെന്റ് ബോക്സിന്‍റെ മുകളിലെ നിലയില്‍, ഒരു തുണ്ടം കയറിന്മേല്‍ വൃത്തം തൂങ്ങിയാടുമ്പോള്‍, അന്തം വിട്ടുകൊണ്ട് അടിയില്‍ നില്പുണ്ടായിരുന്നു പ്രിയ സുഹൃതുകളായ വരയും, കോമയും പിന്നെ കുറെ കുത്തും ഒരു ആശ്ചര്യ ചിഹ്നവും.."